Kerala
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ കുറ്റവാളികൾ ശിക്ഷിക്കപ്പെട്ടു എന്നാണ് വിശ്വാസമെന്ന് തിരക്കഥാകൃത്തും നടനുമായ രണ്‍ജി പണിക്കര്‍. ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.
ദിലീപ് കുറ്റവാളി അല്ല എന്നാണ് കോടതി പറഞ്ഞത്. വിധി എതിരായാൽ ഒരു ഭാഗത്തുള്ളവർക്ക് ആക്ഷേപം ഉണ്ടാകുന്നത് സ്വാഭാവികമാണ്. തനിക്കെതിരെ ഗൂഢാലോചനയുണ്ട് എന്ന് ദിലീപ് പറയുന്നത് നിങ്ങൾ കേട്ടില്ലേ?.
കുറ്റവാളി അല്ലാതെ ശിക്ഷിക്കപ്പെട്ടു എന്ന വികാരം ദിലീപിന് ഉണ്ടായാൽ എന്താണ് തെറ്റ്?. രാജ്യത്ത് പോലീസുകാർ കള്ള തെളിവുകൾ ഉണ്ടാക്കിയ സംഭവം ഉണ്ടായിട്ടില്ലേ?. മാധ്യമങ്ങൾക്ക് അജണ്ട ഇല്ല എന്ന് ആരെങ്കിലും വിശ്വസിക്കുമോ?. മാധ്യമങ്ങൾക്ക് അജണ്ടയുണ്ട്. മാധ്യമങ്ങൾ കെട്ടിപ്പൊക്കുന്ന കാര്യങ്ങൾ സാധൂകരിക്കാൻ അവർ എന്തും ചെയ്യും.
ഗൂഢാലോചന തെളിയിക്കാൻ പ്രോസിക്യൂഷന് പറ്റിയിട്ടില്ല. കുറ്റവാളികളെയാണ് ശിക്ഷിച്ചത്. കുറ്റം ചെയ്യാത്തവരെ തിരിച്ചെടുക്കാൻ സംഘടനകൾക്ക് അവകാശമുണ്ട്. കോടതി കണ്ടെത്തുന്ന സത്യമാണ് സത്യം. വിധിക്കെതിരെ അപ്പീൽ പോകാൻ സർക്കാറിന് അവകാശമുണ്ട്.-രൺജി പണിക്കർ വ്യക്തമാക്കി.
Kerala
ഇടുക്കി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്ക് ഒപ്പമാണെന്നും കോടതിവിധിയെ മാനിക്കുന്നുവെന്നും നടൻ ആസിഫ് അലി. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് ആസിഫ് അലിയുടെ പ്രതികരണം.
അതിജീവിതയ്ക്ക് നീതി ലഭിക്കണം എന്നായിരുന്നു തന്റെ നിലപാട്. അത് ആരെങ്കിലും ശിക്ഷിക്കപ്പെടണം എന്നല്ല. വിധിയെ കുറിച്ച് ഏതെങ്കിലും പറഞാൽ കോടതി നിന്ദ ആകുമെന്നും ആസിഫ് അലി പറഞ്ഞു.
കോടതിവിധിയെ പറ്റി അഭിപ്രായം പറയുന്നതിൽ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. കോടതിവിധിയെ സ്വീകരിക്കുന്നു. ഇരയ്ക്ക് പൂർണമായി നീതി കിട്ടിയോ എന്ന് പറയാനറിയില്ല. കോടതിവിധിയിൽ അഭിപ്രായം പറയുന്നത് നിന്ദയായിട്ടാണ് എനിക്ക് തോന്നുന്നത്. കോടതി മനസിലാക്കിയവരെല്ലാം ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു.
ഏത് സമയത്തും അതിജീവിതക്കൊപ്പമാണ്. അതിജീവിതയോട് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. ആരും പ്രതികരിച്ചിട്ടില്ല. അതിജീവിതയുടെ പ്രതികരണം നേരിട്ട് അറിയിക്കുമായിരിക്കും. എല്ലാവരും വളരെ കരുതലോടെ പ്രതികരിക്കേണ്ട വിഷയം കൂടിയാണിത്.
പല തരത്തിലും വ്യാഖ്യാനിക്കപ്പെടാൻ സാധ്യതയുള്ള ഒരു ടോപ്പിക്കാണിത്. പറയുന്നത് കൃത്യതയോടെ പറയണം. പല അഭിപ്രായങ്ങളും വ്യാഖ്യാനിക്കപ്പെട്ടിട്ടുണ്ട്. അതെല്ലാം സോഷ്യൽ മീഡിയ ആക്രമണത്തിലേക്കെല്ലാം പോയിട്ടുണ്ട്. പറയാനുള്ളത് കൃത്യമായി മനസിലാക്കി സംസാരിക്കണമെന്നും ആസിഫ് അലി പറഞ്ഞു.
Kerala
കൊച്ചി: ജനപ്രിയ നടനില്‍നിന്നും പ്രതിസ്ഥാനത്തേക്ക് എത്തപ്പെട്ട ദിലീപിലേക്കായിരുന്നു വിധിദിനം ഏവരുടെയും ശ്രദ്ധ. രാവിലെ ശാന്തനായി വീട്ടില്‍നിന്നു കോടതിയിലേക്ക്. കോടതി നടപടികള്‍ക്കുശേഷം ചെറുചിരിയോടെ മടക്കം.
ഇക്കുറി പതിവില്‍നിന്നു വിപരീതമായി മാധ്യമങ്ങളോട് പ്രതികരിച്ചു. കുറ്റവിമുക്തനാക്കപ്പെട്ട സന്തോഷവും ആശ്വാസവും ചെറുചിരിയില്‍ ഒതുക്കിയായിരുന്നു സംസാരം. രാവിലെ 11 വരെ പ്രതിനായകനായിരുന്ന ദിലീപ് കോടതിനടപടികള്‍ പൂര്‍ത്തിയായതോടെ വീണ്ടും നായകനിലേക്ക് എത്തുന്നതിനാണ് ഇന്നലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിസരം സാക്ഷ്യം വഹിച്ചത്.
പതിവ് പ്രാര്‍ഥനകള്‍ക്കുശേഷം, ആലുവ പത്മസരോവരം വീടിന്റെ ഗേറ്റിനു മുന്നില്‍ കാത്തുനിന്ന കാമറക്കണ്ണുകള്‍ക്ക് നടുവിലൂടെ രാവിലെ 9.30നാണ് ദിലീപ് കോടതിയിലേക്കു തിരിച്ചത്. സഹോദരന് അനൂപിനൊപ്പമായിരുന്നു യാത്ര.
കേസിലെ പത്താം പ്രതി ശരത്തും ദിലീപിനെ അനുഗമിച്ചു. കോടതിയിലേക്ക് എത്തും മുമ്പ് അഭിഭാഷകന് ബി. രാമന്‍പിള്ളയുടെ ഓഫീസിലെത്തി കൂടിക്കാഴ്ച . തുടര്‍ന്ന് 10.27 ഓടെ കോടതിയിലെത്തി. ഈ സമയം ആരാധകരുടെ ഒരു വലിയ കൂട്ടം കോടതി വളപ്പില്‍ ഉണ്ടായിരുന്നു. കാമറകള്‍ക്കു പിടികൊടുക്കാതെ തലതാഴ്ത്തി ശാന്തനായി വേഗം കോടതിമുറിയിലേക്കു കയറി.
നടപടികള്‍ പൂര്‍ത്തിയാക്കി 11.45 ഓടെ കോടതിക്കു പുറത്തേക്കുള്ള വരവ് സിനിമാ രംഗങ്ങള്‍ക്ക് സമാനമായിരുന്നു. ആരാധകരുടെ ആര്‍പ്പുവിളിയും കൈയടികളും കോടതിയുടെ പടിക്കെട്ട് ഇറങ്ങിവന്ന ദിലീപിനെ എതിരേറ്റപ്പോള്‍ കറുത്ത ഗൗണിട്ട അഭിഭാഷകരുടെ നടുവില്‍നിന്നും വെളുത്ത ഷര്‍ട്ടണിഞ്ഞ നടന് കൈകള്‍ വീശി നന്ദി അറിയിച്ചു.
തടിച്ചുകൂടിയ മാധ്യമങ്ങളോട് ചുരുക്ക വാചകങ്ങളില്‍ പ്രതികരിച്ച് ഉടന്‍തന്നെ വാഹനത്തിലേക്കു കയറി കോടതി പരിസരം വിട്ടു. ഈ സമയം ചുറ്റും കൂടിനിന്നവര്‍ക്ക് ദിലീപ് ആരാധകരുടെ വക മധുരമെത്തി.
കോടതി വിധിക്കുശേഷം ആദ്യം പോയത് എളമക്കരയിലെ അഡ്വ. രാമന്‍പിള്ളയുടെ വസതിയിലേക്ക്. കാലിനു പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കുവച്ചശേഷം അഭിഭാഷകന്റെ കൈ ചേര്‍ത്തുപിടിച്ച് നന്ദി അറിയിച്ചു.
ഉച്ചയോടെ ദിലീപ് ആലുവയിലെ വീട്ടില്‍ എത്തുമ്പോഴേക്കും പത്മസരോവരത്തിനു മുന്നില്‍ ആരാധകര്‍ തിങ്ങിനിറഞ്ഞിരുന്നു. അവരെ അഭിവാദ്യം ചെയ്തു ഗേറ്റ് കടന്ന് അകത്തെത്തിയ ദിലീപിനെ ഫാന്‍സ് അസോസിയേഷന് ഭാരവാഹികളായ വനിതകള്‍ കൈ കൊടുത്ത് സന്തോഷം പങ്കിട്ടു. ഓടിയെത്തിയ മകള്‍ മഹാലക്ഷ്മിയെ എടുത്തുയര്‍ത്തി ഉമ്മ നല്കി. കാവ്യയും ദിലീപിനെ വാരിപ്പുണര്‍ന്നു. നിലവിളക്ക് തെളിച്ചാണ് ദിലീപിനെ വീട്ടിലേക്ക് ആനയിച്ചത്.
Kerala
കൊച്ചി: സ്ത്രീകൾക്കു നേരേ നടന്ന അതിക്രമക്കേസുകളിൽ കൂട്ടബലാത്സംഗത്തിനു ക്വട്ടേഷൻ നൽകിയെന്ന അപൂർവമായ കുറ്റം ആരോപിക്കപ്പെട്ട നടി ആക്രമണക്കേസിൽ, കാലങ്ങളായി കാത്തിരുന്ന കോടതിവിധിക്കുശേഷവും നിയമവൃത്തങ്ങളിൽ ചോദ്യങ്ങൾ ബാക്കി.
ബലാത്സംഗത്തിനു പിന്നിലെ ഗൂഢാലോചന തെളിയിക്കപ്പെടാതെ പോയതും നടൻ ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയതുമുൾപ്പെടെ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെടുമെന്നും നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്നതും ഇത് ഒന്നാംപ്രതി പൾസർ സുനി നടൻ ദിലീപിനു കൈമാറിയെന്നുമുള്ള പോലീസിന്റെ കണ്ടെത്തൽ കേസിലെ ഗൂഢാലോചനയ്ക്കുള്ള കൃത്യമായ തെളിവായി പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിരുന്നു.
പൾസറിന്റെ അഭിഭാഷകൻ പ്രതീഷ് ചാക്കോ വഴിയാണ് ദൃശ്യങ്ങൾ ദിലീപിനു നൽകിയതെന്ന് പോലീസിന്റെ അന്വേഷണറിപ്പോർട്ടിലുമുണ്ട്. ഇതിന് ഒന്നരക്കോടി രൂപയാണു പ്രതിഫലം നിശ്ചയിച്ചത്. കൃത്യത്തിനുശേഷം കേസായാൽ നിയമനടപടികൾക്കായി മൂന്നര കോടിയും നൽകാമെന്ന ഉറപ്പും ഉണ്ടായിരുന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
2015ൽ പൾസർ സുനിക്ക് 1.10 ലക്ഷം രൂപയും കേസിലെ പ്രധാന സാക്ഷികളിലൊരാളായ നടൻ നാദിർഷാ വഴി 30,000 രൂപയും ദിലീപ് കൈമാറിയതിന്റെ തെളിവുകൾ കിട്ടിയതാണ്. ഇതു ക്വട്ടേഷൻ പണമിടപാടുകളുടെ അഡ്വാൻസ് ആണെന്നായിരുന്നു പോലീസിന്റെ നിഗമനം.
ഇത്തരം കാര്യങ്ങളുടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണസംഘം ശേഖരിച്ചിട്ടും ഇതു കേസിന്റെ വിധിയിൽ പരിഗണിക്കപ്പെടാതെ പോയത് അപ്പീൽ ഘട്ടത്തിൽ ഉയർന്നുവന്നേക്കും.
പ്രതികൾ നടത്തിയ ആക്രമണം അവർതന്നെ വീഡിയോയിൽ പകർത്തിയത് തങ്ങളെ അതിനു നിയോഗിച്ചവർക്ക് കൈമാറാനാണെന്ന പ്രസക്തമായ വാദം പ്രോസിക്യൂഷൻ ശക്തമായി ഉന്നയിച്ചിരുന്നു. ആക്രമണദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിക്കപ്പെട്ടതിലെ ജില്ലാ ജഡ്ജിയുടെ അന്വേഷണ റിപ്പോർട്ടിൽ തുടർനടപടികൾ ഉണ്ടായിട്ടില്ല. ഇക്കാര്യവും കോടതിവിധിയിൽ പരിഗണിക്കപ്പെട്ടിട്ടില്ലെന്നു നിയമരംഗത്തുള്ളവർ പറയുന്നു.
നടി ആക്രമണക്കേസിൽ 2017 ജൂലൈ പത്തിന് അറസ്റ്റിലായ ദിലീപ് 84 ദിവസം ജയിൽശിക്ഷ അനുഭവിച്ചു. ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ആ വർഷം ഒക്ടോബര്‍ മൂന്നിനാണ് പുറത്തിറങ്ങിയത്.
ഏഴര വർഷത്തോളം വിചാരണത്തടവിലായിരുന്ന ഒന്നാം പ്രതി പൾസർ സുനിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണു പുറത്തിറങ്ങാനായത്. വിചാരണ വൈകുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു സുനിയുടെ ജാമ്യം.
നടിയെ ആക്രമിച്ച കേസിൽ നാലുപേരെ വെറുതെ വിട്ടതു ശാശ്വതമായ വിധിയായി കാണേണ്ടതില്ല. സ്വാഭാവികമായും ഇതു മേൽക്കോടതിയിൽ ചോദ്യംചെയ്യപ്പെടും. ക്രിമിനൽ ഗൂഢാലോചനയ്ക്കു നേരിട്ട് തെളിവുകളുള്ള കേസാണിത്. രേഖാപരവും ഡിജിറ്റലും ശാസ്ത്രീയവുമായ തെളിവുകൾ ഇതിലുണ്ട്.
എന്തിനാണു നടിയെ ആക്രമിച്ചതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രതികൾ ദിലീപിന്റെ വീട്ടിലെത്തിച്ചത്? ഇതു തെളിഞ്ഞതല്ലേ. നിങ്ങളെ ആക്രമിക്കാൻ ക്വട്ടേഷൻ കിട്ടിയിട്ടുണ്ടെന്ന് പ്രതികൾ ഇരയോടു പറഞ്ഞതിനും തെളിവുണ്ട്. എട്ടു വർഷമായി അന്വേഷണസംഘം ശേഖരിച്ച തെളിവുകൾ നിയമലോകത്തിന് അറിവുള്ളതാണ്.
Kerala
കൊച്ചി: ഇന്നലെ രാവിലെ മുതല്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്കായിരുന്നു കേരളത്തിന്റെ കണ്ണും കാതും. പ്രമാദമായ കേസിന്റെ ക്ലൈമാക്സിലെ വിധി അറിയാന്‍ രാവിലെതന്നെ കോടതിവളപ്പിനു പുറത്ത് ജനം നിറഞ്ഞു.
അഭിഭാഷകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പുറമേ പ്രതിപ്പട്ടികയിലുള്ള നടന് ദിലീപിന്റെ ആരാധകരും കോടതി വ്യവഹാരങ്ങള്‍ക്കായി വന്നവരുമൊക്കെയായി നൂറുകണക്കിനാളുകളാണ് തടിച്ചുകൂടിയത്. ഒപ്പം, കനത്ത സുരക്ഷയൊരുക്കി പോലീസും.
വിധിക്കു മുമ്പ്
ജഡ്ജിമാരെയും അഭിഭാഷകരെയും കോടതി വ്യവഹാരങ്ങള്‍ക്കായി എത്തിയവരെയും മാത്രമാണു കോടതി ഗേറ്റ് കടക്കാന്‍ പോലീസ് അനുവദിച്ചത്. മാധ്യമപ്രവര്‍ത്തകരെ കര്‍ശന പരിശോധനകളോടെ പ്രവേശിക്കാന്‍ അനുവദിച്ചു. 10.15ന് ഇരയുടെ അഭിഭാഷക അഡ്വ. ടി.ബി. മിനി എത്തി. പിന്നാലെ പബ്ലിക് പ്രോസിക്യൂട്ടറും.
പ്രതികരിക്കാതെ ദിലീപ്
10.20ന് കേസിലെ എട്ടാം പ്രതിയായ ദിലീപ് അഭിഭാഷകര്‍ക്കൊപ്പം വെള്ള നിറത്തിലുള്ള ഇന്നോവ ക്രിസ്റ്റ കാറില്‍ എത്തി. മാധ്യമപ്പടയാകെ കാറിനു സമീപത്തേക്ക് ഓടിയടുത്തെങ്കിലും ഒന്നും പ്രതികരിക്കാതെ ദിലീപും അഭിഭാഷകരും വാഹനത്തില്‍നിന്നിറങ്ങി കോടതയിലേക്കു കയറിപ്പോയി.
ദാ പൾസർ, സോറി മാറിപ്പോയി
ഇതിനിടെ, പള്‍സര്‍ സുനിയുടെ രൂപസാദൃശ്യം തോന്നിക്കുന്ന ഒരാള്‍ കോടതി വളപ്പിലേക്കു പ്രവേശിക്കുന്നത് കണ്ടതോടെ ദാ പള്‍സര്‍ സുനി എന്നു വിളിച്ച് മാധ്യമങ്ങള്‍ അങ്ങോട്ടോടി. മറ്റേതോ കേസിലെ പ്രതിയാണെന്നു തിരിച്ചറിഞ്ഞ് മടങ്ങിയ ചാനൽ പ്രവര്‍ത്തകര്‍ക്കിടയിലൂടെ 10.40ന് യാതൊരു കൂസലുമില്ലാതെ പള്‍സര്‍ സുനി കോടതിയിലേക്കു കയറിപ്പോയി. പിന്നാലെ മറ്റു പ്രതികളും.
പരസ്പരം നോക്കാതെ ദിലീപും സുനിയും
കോടതിമുറിയില്‍ പ്രതികളുടെ നിരയില്‍ രണ്ടറ്റത്തായാണ് പള്‍സര്‍ സുനിയും ദിലീപും നിന്നത്. കോടതി നടപടികളില്‍ ഒരുഘട്ടത്തില്‍പ്പോലും ഇരുവരും പരസ്പരം നോക്കിയിരുന്നില്ല. വിധിയെന്താകുമെന്ന ആശങ്ക ദിലീപിന്റെ മുഖത്ത് ഉണ്ടായിരുന്നെങ്കിലും നിര്‍വികാരനായിരുന്നു പള്‍സര്‍ സുനി. താന്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചപ്പോഴും ഭാവമാറ്റമില്ലായിരുന്നു.
ദിലീപിനെതിരേ ഒന്നും മിണ്ടാതെ പ്രതികള്‍
കുറ്റക്കാരെന്നു കോടതി വിധിച്ച ആറു പ്രതികളെയുമായി ഉച്ചയ്ക്ക് 1.45ഓടെ പോലീസ് കോടതിക്കു പുറത്തേക്ക് വന്നു. ഇവരെ കൊണ്ടുപോകാനായി എത്തിച്ച വാഹനത്തിനു സമീപത്തേക്ക് കൊണ്ടുവരുന്നതിനിടെ ദിലീപ് പറഞ്ഞിട്ടാണോ കുറ്റകൃത്യം ചെയ്തത് എന്ന ചോദ്യങ്ങളുമായി മാധ്യമപ്രവര്‍ത്തകര്‍ പ്രതികള്‍ക്കു നേരേ മൈക്ക് നീട്ടി. പക്ഷേ ഒന്നും പ്രതികരിക്കാന്‍ അനുവദിക്കാതെ പോലീസ് പ്രതികളെ വാഹനത്തിലുള്ളിലേക്ക് കയറ്റി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് കൊണ്ടുപോയി.
Kerala
കൊച്ചി: നടി മഞ്ജു വാര്യരുടെ പേരെടുത്ത് വിമർശിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ച സംഭവത്തിൽ ഗൂഡാലോചന നടന്നിട്ടുണ്ടെന്ന് മഞ്ജു പറഞ്ഞത് മുതൽ തനിക്കെതിരെ ഗൂഡാലോചന നടന്നുവെന്നാണ് ദിലീപ് പറഞ്ഞത്.
അവര്‍ക്കൊപ്പം മുതിര്‍ന്ന വനിതാ പോലീസ് ഉദ്യോഗസ്ഥ ചേര്‍ന്നു. തന്റെ പ്രതിച്ഛായയും കരിയറും നശിപ്പിക്കാന്‍ വേണ്ടിയാണ് തനിക്കെതിരെ ഗൂഡാലോചന നടന്നത്. ഒരു സംഘം ക്രിമിനല്‍ പോലീസുകാരും ഇവര്‍ക്കൊപ്പം കൂട്ടുചേര്‍ന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം പറഞ്ഞു
മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നുവെന്നും ദിലീപ് വ്യക്തമാക്കി.
Movies
നടി ആക്രമണ കേസിൽ യഥാർഥ ഗൂഢാലോചന നടന്നത് തനിക്കെതിരെയാണെന്നു നടൻ ദിലീപ്. തന്റെ കരിയറും ജീവിതവും നശിപ്പിക്കാൻ വലിയ ശ്രമം നടന്നുവെന്നും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ വിധി കേട്ടശേഷം പുറത്തെത്തിയ ദിലീപ് പ്രതികരിച്ചു.
മുഖ്യപ്രതിയെയും കൂട്ടുപ്രതികളെയും കൂട്ടുപിടിച്ച് ഉന്നത പോലീസ് സംഘം തനിക്കെതിരെ കള്ളക്കേസ് മെനയുകയായിരുന്നു. ചില മാധ്യമങ്ങളും ഇതിനു കൂട്ടുനിന്നെന്നും താരം ആരോപിച്ചു.
ഒൻപ തു വർഷക്കാലം കൂടെ നിന്ന കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും തനിക്കു വേണ്ടി പ്രാർഥിച്ചവരോടുമെല്ലാം നന്ദി പറയുന്നു. തനിക്കു വേണ്ടി ആത്മാർഥമായി നിന്ന രാമൻപിള്ള ഉൾപ്പടെയുള്ള അഭിഭാഷകർക്കും നന്ദി പറയുന്നുവെന്നും ദിലീപ് കൂട്ടിച്ചേർത്തു.
Movies
മലയാളസിനിമ ലോകത്ത് കോളിളക്കം സൃഷ്ടിച്ച കേസായിരുന്നു നടിയെ അക്രമിച്ച കേസ്. ഷൂട്ടിംഗ് കഴിഞ്ഞ് തിരികെ വന്ന കാറിൽവച്ച് അക്രമത്തിനിരയായ നടിയുടെ പരാതിയിൽ എട്ടുവർഷത്തിന് ശേഷം വിധി വന്നിരിക്കുന്നു. ആദ്യത്തെ ആറുപ്രതികൾ കുറ്റക്കാരണെന്ന് കണ്ടെത്തിയ കോടതി കേസിലെ പ്രമുഖനായ ദിലീപിനെ വെറുതെ വിട്ടു എന്നതാണ് ഇതിലെ പ്രധാനം. ദിലീപ് കുറ്റകൃത്യത്തിൽ പങ്കെടുത്തതിനു തെളിവില്ലെന്നാണ് കോടതി പറഞ്ഞിരിക്കുന്നത്.
മലയാളസിനിമയുടെ സര്‍വ മേഖലകളിലും തലപ്പത്തുണ്ടായിരുന്ന ദിലീപ് കേസില്‍ കുറ്റാരോപിതനായതു മുതല്‍ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിയിരുന്നു. ദിലീപ് ജയിലിൽ ആയിരുന്നപ്പോൾ പുറത്തിറങ്ങിയ ചിത്രമായിരുന്നു രാമലീല. ചിത്രം വൻ വിജയമായിരുന്നു. എന്നാൽ പിന്നീട് ഇറങ്ങിയ ചിത്രങ്ങളെല്ലാം വൻ പരാജയമായി മാറി.
ഒരുകാലത്ത് മലയാളസിനിമയുടെ സാമ്പത്തിക ഇടപാടുകളുടെയെല്ലാം തലവനായിരുന്നു ദിലീപ്. എന്നാൽ ഈ കേസ് വന്നതോടെ താരസംഘടനയായ ‘അമ്മ’യില്‍നിന്നും പുറത്താക്കപ്പെട്ടു. ഇതോടെ മലയാളസിനിമയിലെ അടുപ്പക്കാരില്നിന്നുപോലും ദിലീപ് അകലം പാലിച്ചു. ഈ അകല്‍ച്ച പിന്നീട് അദ്ദേഹത്തിന്റെ സിനിമകളിലേക്കും കടന്നതോടെ മലയാള സിനിമാവ്യവസായത്തിൽ ദിലീപ് തീര്‍ത്തും ഒറ്റപ്പെടുകയായിരുന്നു.
ഫെഫ്കയിൽനിന്നും നിര്‍മാതാക്കളുടെ സംഘടനയിൽനിന്നും ദിലീപിനെതിരേ ശബ്ദമുയര്‍ന്നതോടെ ഹിറ്റുകള്‍ സമ്മാനിച്ച നടന് കേസിന്റെ പശ്ചാത്തലത്തില്‍ ഏറെക്കുറെ ഫീല്‍ഡ് ഔട്ടായി. പിന്നീട് ഇറങ്ങിയ സിനിമകള്‍ തുടരെ പരാജയപ്പെടുകയും സാറ്റലൈറ്റ് വാല്യു കുറയുകയും ചെയ്തതോടെ ജനപ്രീതിയും കുറഞ്ഞു.
സിനിമാ സംഘടനകളിലുണ്ടായ പടലപിണക്കവും പോരാട്ടവും, സ്ത്രീകളായ ഏതാനും ചില നടിമാര്‍ താരസംഘടന വിട്ടതും ഹേമ കമ്മിറ്റി രൂപീകരിച്ചതടക്കമുള്ള സംഭവവികാസങ്ങളും അരങ്ങേറിയത് കേസില്‍ ദിലീപ് ഉള്പ്പെട്ടതിനെത്തുടര്ന്നായിരുന്നു. ജാമ്യം ലഭിച്ചു പുറത്തുവന്നപ്പോഴും അന്തിമവിധിക്കു ശേഷമേ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തൂവെന്നാണ് ദിലീപ് വ്യക്തമാക്കിയിരുന്നത്.
അസാധാരണമായ നിയമപോരാട്ടങ്ങളുടെ പേരിൽ ചരിത്രത്തിൽ ഇടംപിടിക്കുന്നതാണ് നടിയെ ആക്രമിച്ച കേസ്. വിചാരണയ്ക്കിടെ തൊണ്ണൂറോളം ഹർജികളാണു ദിലീപ് സുപ്രീംകോടതിയിൽ ഉൾപ്പെടെ ഫയൽ ചെയ്തത്. നീതിക്കായി യുവനടിയും പലതവണ കോടതികൾ കയറിയിറങ്ങി.
അഞ്ചുതവണ വിചാരണ നീട്ടിവച്ചു. ജഡ്ജിയെത്തന്നെ മാറ്റണമെന്ന് അതിജീവിത ആവശ്യപ്പെടുകയുണ്ടായി. രണ്ടു പ്രോസിക്യൂട്ടർമാർ പിന്മാറി. ദൃശ്യങ്ങള്‍ അനധികൃതമായി തുറന്നുകണ്ടെന്ന ആരോപണവും ഉയർന്നു.
Kerala
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് കുറ്റവിമുക്തനെന്ന് കോടതി. കേസിലെ ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം. വർഗീസ് ആണ് വിധി പറഞ്ഞത്. ദിലീപിനെതിരെ ചുമത്തിയ ഗൂഡാലോചന കേസ് വാദി ഭാഗത്തിന് തെളിയിക്കാനായില്ല. ദിലീപിനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് കോടതി കണ്ടെത്തി. കേസിലെ ഒന്ന് മുതൽ ആറു വരെയുള്ള പ്രതികളെ ജയിലിലേക്ക് മാറ്റും.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പൾസർ സുനിയടക്കം ആറു പ്രതികൾക്കെതിരെ കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് പ്രധാനമായും ചുമത്തിയിരിക്കുന്നത്. ഇവയെല്ലാം തെളിഞ്ഞു.
കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും ദിലീപിനെതിരെയും പ്രോസിക്യൂഷൻ ബലാത്സംഗ കുറ്റം ചുമത്തിയിരുന്നു.
ആക്രമിക്കപ്പെട്ട നടിയോടുളള വ്യക്തിവിരോധത്തെത്തുടർന്ന് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തുവെന്നാണ് ദിലീപിനെതിരായ കേസ്. എന്നാൽ, തന്നെ കേസിൽപെടുത്തിയാണെന്നും പ്രോസിക്യുഷൻ കെട്ടിച്ചമച്ച തെളിവുകളാണ് കോടതിയിൽ എത്തിയതെന്നുമായിരുന്നു ദിലീപിന്റെ വാദം.